banner

പത്താം ക്ലാസ്സുകാരി വീട്ടിൽ പ്രസവിച്ച സംഭവം…!, പിതാവ് കുറ്റം സമ്മതിച്ചെന്ന് പൊലീസ്

കാഞ്ഞങ്ങാട് : പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയ സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഒരാഴ്ച മുമ്പാണ് കാഞ്ഞങ്ങാട്ടെ പെൺകുട്ടി വീട്ടിൽ പ്രസവിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ സംഭവം പുറത്തറിയുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ, പെൺകുട്ടിയോ അമ്മയോ ആരാണ് പീഡനത്തിന് പിന്നിലെന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല. തുടർന്ന്, ഡിഎൻഎ പരിശോധനയിലൂടെ കുറ്റവാളിയെ കണ്ടെത്താൻ പോലീസ് തീരുമാനിച്ചു. വീടുമായി ബന്ധപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

എന്നാൽ, മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയിൽ പെൺകുട്ടി, തന്നെ പീഡിപ്പിച്ചത് പിതാവാണെന്ന് വെളിപ്പെടുത്തി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ, വിദേശത്തായിരുന്ന പിതാവിനെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.

പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുഞ്ഞിന്റെ ആരോഗ്യവും നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Post a Comment

0 Comments